തിരുവനന്തപുരം : കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു. തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ശശി തരൂർ എടുത്തു ചാട്ടം കാണിക്കുന്നുവെന്നും അദ്ദേഹത്തിന് രാഷ്ട്രീയമായി പക്വതയില്ലെന്നും കൊടിക്കുന്നിൽ പരിഹസിച്ചു.
വിശ്വ പൗരനായതിൽ പാർട്ടി നിലപാട് ബാധകമല്ലെന്ന മട്ടാണ് തരൂരിനുള്ളത്. തരൂർ കോൺഗ്രസിലെത്തിയത് ഗസ്റ്റ് ആർട്ടിസ്റ്റായിട്ടാണ്. ഇപ്പോഴും ഗസ്റ്റ് ആർട്ടിസ്റ്റ് തന്നെയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
നേരത്തെ കെ.മുരളീധരനും ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരൻമാരല്ലെന്നായിരുന്നു കെ.മുരളീധരൻ എം.പിയുടെ പ്രസ്താവന. കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം ആവശ്യപ്പെട്ട് രംഗത്ത് വന്ന 23 മുതിര്‍ന്ന നേതാക്കളില്‍ ശശി തരൂരുമുണ്ടായിരുന്നു. മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് നൽകുന്നതുമായ വിഷയത്തിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായി തിരുവനന്തപുരത്തെ ജനങ്ങൾക്ക് വികസനം വേണമെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ചും തരൂർ രംഗത്തെത്തിയിരുന്നു.
Comments