വ്യാജ സന്ദേശങ്ങളും, തെറ്റായ വാർത്തകളും നിയന്ത്രിക്കുന്നതിനായി ഇനി ഫെയ്സ്ബുക് മെസ്സഞ്ചറിലും കടുത്ത നിയന്ത്രങ്ങളാണ് രാജ്യാന്തര തലത്തിൽ കൊണ്ടുവരുന്നത്. ഫെയ്സ്ബുക്ക് ഉപഭോക്താക്കൾക്ക് പഴയതുപോലെ എല്ലാവര്ക്കും കണ്ണുംപൂട്ടി സന്ദേശം അയക്കാൻ സാധിക്കില്ല. പകരം ഒരാൾക്ക് ഒരു സമയം അഞ്ചു പേർക്ക് മാത്രമാണ് സന്ദേശങ്ങൾ കൈമാറാൻ സാധിക്കുള്ളൂ. വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാനായിട്ടാണ് ഇത്തരമൊരു മാറ്റം ഫെയ്സ്ബുക്ക് മെസ്സഞ്ചർ കൊണ്ടുവന്നത്. മുൻപ് വാട്സാപ്പും ഫോർവേഡ് സന്ദേശങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
2018 ൽ ഇന്ത്യയിൽ വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പലതവണയായി ഫോർവേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ ഒരു സമയം ഒരാൾക്ക് മാത്രമേ അയക്കാനാവു എന്നും വാട്സപ്പിൽ വന്നിരുന്നു. ഫെയ്സ്ബുക്ക് മെസ്സഞ്ചറിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ മുൻപ് ഉണ്ടായിട്ടില്ല. എന്നാൽ മെസ്സഞ്ചറിലൂടേയും അതിവേഗത്തിൽ വ്യാജ സന്ദേശങ്ങൾ സഞ്ചരിക്കുന്നതുകൊണ്ടാണ് നിയന്ത്രണങ്ങൾ കൈക്കൊണ്ടത്. അഞ്ചു പേരിൽ കൂടുതൽ ആളുകൾക്ക് മെസ്സഞ്ചർ വഴി സന്ദേശങ്ങൾ അയക്കാൻ ശ്രമിക്കുകയാണെങ്കിൽ ‘ഫോർവേർഡിങ് പരിധിയിലെത്തി’ എന്ന് പറഞ്ഞ് പോപ്പ് സന്ദേശം ഫെയ്സ്ബുക്കിൽ നിന്നു ലഭിക്കും. അതുകൊണ്ടുതന്നെ ഒരു സമയം അഞ്ചിൽ കൂടുതൽ ആളുകൾക്കോ ഗ്രൂപ്പുകൾക്കോ ഒരു പ്രത്യേക സന്ദേശം അയക്കാൻ ഉപയോക്താക്കളെ ഇനി മെസ്സഞ്ചർ അനുവദിക്കില്ല.
വാട്സാപ്പ്, മെസ്സഞ്ചർ തുടങ്ങി ആധുനിക സാങ്കേതിക സംവിധാനങ്ങൾ വഴി സന്ദേശങ്ങൾ കൈമാറാൻ എല്ലാവർക്കും വളരെ എളുപ്പമാണ്. ഇത് വ്യാജ വാർത്തകളുടെ എണ്ണവും കൂട്ടുന്നു. കൊറോണയെ കുറിച്ചും ധാരാളം തെറ്റായ വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതിനാൽ ആളുകൾക്ക് കൂടുതലും കൃത്യമായ വിവരങ്ങൾ ലഭിക്കുവാൻ വേണ്ടിയാണ് ഫെയ്സ്ബുക്ക് മെസ്സഞ്ചർ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
Comments