ഇന്ന് ലോകസമൂഹം ഒന്നടങ്കം നേരിട്ട് കൊണ്ടിരിക്കുന്ന മഹാവിപത്താണ് കൊറോണ എന്ന മഹാമാരി . നിരന്തരം കൈകഴുകുക , മാസ്ക് ഉപയോഗിക്കുക , അത്യാവശ്യമെങ്കിൽ ഗുണമേന്മയുള്ള സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങി കൊറോണയെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾക്കൊപ്പം അത്യാവശ്യമുള്ള മറ്റൊരു പ്രധാന കാര്യമാണ് രോഗപ്രതിരോധ ശേഷി .
ഇത് എങ്ങിനെ വർദ്ധിപ്പിക്കാൻ സാധിക്കും എന്നുള്ളത് പലരുടെയും ഉള്ളിൽ തോന്നുന്ന ചോദ്യങ്ങളിൽ ഒന്നാണ് . രോഗത്തെ ചെറുത്തു നിൽക്കാനുള്ള നമ്മുടെ ശരീരത്തിന്റെ കരുത്തിനെ ഉത്തേജിപ്പിക്കാൻ ധാരാളം വഴികളുണ്ട് . നല്ലതു പോലെ വ്യായാമം ചെയ്യുക , ഗുണപ്രദവും പോഷകവും നിറഞ്ഞ ഭക്ഷണം കഴിക്കുക , സമ്മർദ്ദം ഒഴിവാക്കാൻ ശ്രമിക്കുക അങ്ങിനെ പല വഴികളുണ്ട് . അതിൽ പെട്ട ചില നുറുങ്ങു വിദ്യകൾ ഇതാ
പ്രകൃതിദത്ത വിഭവങ്ങൾ ആയ പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ , ധാന്യങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും . കൂടാതെ മഞ്ഞൾ , നെല്ലിക്ക , ഇഞ്ചി , തുളസി , കട്ടൻ ചായ എന്നിവയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും .
ഉറക്കവും രോഗപ്രതിരോധ ശേഷിയും പരസ്പരം ബന്ധപെട്ടു കിടക്കുന്ന ഒന്നാണ് . അതിനാൽ തന്നെ ഉറക്കം കുറഞ്ഞാൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും . പ്രായപൂർത്തിയായ ഒരു വ്യക്തി രാത്രിയിൽ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങിയിരിക്കണം .
ആരോഗ്യകരമായ കൊഴുപ്പായ ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ , ഒലിവ് എണ്ണ എന്നിവക്ക് ശരീരത്തിൽ ഉണ്ടാകുന്ന വീക്കത്തെ തടയാനുള്ള ശക്തിയുണ്ട് . അതിനാൽ തന്നെ ഇന്നത്തെ സാഹചര്യത്തിൽ ഇവ അടങ്ങിയ ഭക്ഷണം ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും .
കുടലിന്റെ പ്രവർത്തന ക്ഷമതയും രോഗപ്രതിരോധശേഷിയും തമ്മിലും ബന്ധമുണ്ട് . അതിനാൽ പുളിപ്പിച്ച വസ്തുക്കൾ ഉണ്ടാക്കിയ ഭക്ഷണം , പ്രോബിയോട്ടിക്‌സ് അടങ്ങിയ ഭക്ഷണം എന്നിവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ സുഗമമാക്കുകയും അതുമൂലം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു .
ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക . കാരണം ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും , ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും .
ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താനായി ദിനവും ധാരാളം വെള്ളം കുടിക്കുക . യോഗ, ധ്യാനം , മറ്റു വിനോദങ്ങൾ എന്നിവയിൽ ഏർപ്പെട്ടു കൊണ്ട് മാനസിക സമ്മർദ്ദത്തെ തടഞ്ഞു നിർത്തുക. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സും അത്യാവശ്യമാണ് .
ദിനചര്യകളിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തി കൊണ്ട് ആരോഗ്യകരമായ ശരീരവും മനസ്സും വളർത്തിയെടുത്തു കൊണ്ട് സ്വയം പ്രതിരോധിക്കാം കൊറോണ എന്ന മഹാമാരിയെ .
Comments