കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പരിചയ സമ്പന്നരായ ടെക്‌നിക്കല്‍ ഡയറക്ടറിന്റെയും, മുഖ്യ പരിശീലകന്റെയും പിന്‍ബലത്തില്‍ ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് ടീമിന്റെ പ്രകടനം അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാനാണ് ക്ലബ്ബ് മാനേജ്‌മെന്റിന്റെ ശ്രമം. ഇതിന്റെ ഭാഗമായുള്ള നടപടികളും ബ്ലാസ്റ്റേഴ്‌സ് തുടങ്ങിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളായ യുവന്റസ് എഫ്സി, പാരീസ് സെന്റ് ജെര്‍മെയ്ന്‍, ലിവര്‍പൂള്‍ എന്നിവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ് സ്‌പോര്‍ട്‌സുമായി ബ്ലാസ്റ്റേഴ്സ് ദീര്‍ഘകാല കരാറിലേര്‍പ്പെട്ടു. പ്രമുഖ വിദേശ ക്ലബ്ബുകളെ കൂടാതെ ബ്രസീല്‍, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ മുന്‍നിര ദേശീയ ടീമുകള്‍ക്കായും സ്റ്റാറ്റ് സ്‌പോര്‍ട്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.
കളിക്കാരുടെ ഫിറ്റ്നെസ്, പ്രകടനം എന്നിവ നിരീക്ഷിക്കുന്നതിനും പരിക്കുകള്‍ നിയന്ത്രിച്ച് ക്ലബ്ബിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ട് സ്റ്റാറ്റ് സ്‌പോര്‍ട്‌സുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അത്യാധുനികമായ സോന്റാ 3.0 സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അപ്പക്‌സ് പ്രൊ സീരീസ് ഡിവൈസുകളാണ് ഇതിനായി ഉപയോഗിക്കുക. പരിശീലനം ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ കളിക്കാരുടെ ഫിറ്റ്നസ്, പ്രകടനം, പരിക്കുകള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത് സഹായകരമാകും.















