കൊടിത്തൂവ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള് അടുത്തു പോകില്ല. കാരണം അത്രയ്ക്ക് ചൊറിച്ചിലാണ് അവ തൊട്ട് കഴിഞ്ഞാല്‍. മുറ്റത്തും പറമ്പിലും സജീവമായി കാണുന്ന ഒരു ചെടിയാണിത്. എന്നാല്‍ ഇതിന്റെ ഔഷധ ഗുണങ്ങള്‍ അറിഞ്ഞാലോ ഉപയോഗിക്കാതെ പോവുകയുമില്ല. കൂടാതെ രുചികരമായി കഴിക്കാവുന്ന ഒരു ഇലക്കറി കൂടിയാണ് കൊടിത്തൂവ. ആനക്കൊടിത്തൂവ, ആനച്ചൊറിയണം, ആനത്തൂവ, കുപ്പത്തുമ്പ എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. ത്വക്ക് രോഗങ്ങള്‍, മുടി കൊഴിച്ചില്‍, തലവേദന, ഉറക്കമില്ലായ്മ, ആസ്മ, ദഹന കുറവ്, അസിഡിറ്റി എന്നിങ്ങനെ പല രോഗങ്ങളേയും തടയാനും തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കാനുമുളള കഴിവ് കൊടിത്തൂവയ്ക്കുണ്ട്.
കൂടാതെ രക്തം ശുദ്ധീകരിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം ധാരാളം ഉള്ളതു കൊണ്ട് കൊടിത്തൂവ കൊണ്ട് ചായയോ കറികളോ ഉണ്ടാക്കി കഴിച്ചാല്‍ വിളര്‍ച്ചയും ക്ഷീണവും മാറികിട്ടും. പത്തില തോരനിലെ പത്താമനായ കൊടിത്തൂവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആഹാര സാധനങ്ങള്‍ ഉണ്ടാവുന്നതാണ്. കൊടിത്തൂവ കൊണ്ട് സാധാരണ ഇലകള്‍ തോരന്‍ വെയ്ക്കുന്നതു പോലെ തോരന്‍ ഉണ്ടാക്കാം. ഇതിനായി വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, മുളക്, കറിവേപ്പില, ഉഴുന്ന്, വെളിച്ചെണ്ണ, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വറവുണ്ടാക്കാക്കി കൊടിത്തൂവ ഇലയും ചിരകിയ തേങ്ങയും ചേര്‍ക്കാം.
പരിപ്പ്, സവാള, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ്, മുളകുപൊടി, എണ്ണ എന്നിവ ചേര്‍ത്തു കോടിത്തൂവ കറിയുണ്ടാക്കാം. മറ്റ് ഇലകറികള്‍ കൊണ്ട് സൂപ്പുണ്ടാക്കുന്നതു പോലെ. വെള്ളത്തിനു പകരം കഞ്ഞിവെള്ളം ചേര്‍ത്ത് നല്ല കൊഴുപ്പും രുചിയുമുളള കൊടിത്തൂവ സൂപ്പ് ഉണ്ടാക്കാം. കൊടിത്തൂവ പത്ത് മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ട ശേഷം എടുത്ത് ചായ ഉണ്ടാക്കി കഴിക്കാം. ഈ ചായ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.
Comments