വെണ്ടയ്ക്ക മെഴുക്കു പുരട്ടി ഉണ്ടാക്കിയാലും കറി ഉണ്ടാക്കിയാലും കുട്ടികള്‍ക്കു കഴിക്കാന്‍ പൊതുവേ മടിയാണ്. വെണ്ടയ്ക്കയുടെ കൊഴുപ്പു തന്നെയാണ് ഇതിനു പ്രധാന കാരണം. എന്നാല്‍ ഡ്രൈ ആയി കോഴിമുട്ടയും വെണ്ടയും കൂടി ചേര്‍ത്ത് ഒരു ഫ്രൈ ഉണ്ടാക്കി കൊടുത്തു നോക്കൂ കുട്ടികള്‍ക്ക് പുറമേ മുതിര്‍ന്നവരും ഒരുപോലെ കഴിക്കും ഈ വിഭവം. വെണ്ടയ്ക്ക കഴിക്കാന്‍ മടിയുള്ള ആരും ഈ ഫ്രൈ വേണ്ടെന്ന് പറയില്ല. അത്രയ്ക്ക് രുചികരമാണ് ഇത്. എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് കോഴിമുട്ട വെണ്ട ഫ്രൈ. ഇതിനായി ആദ്യം വെണ്ടയ്ക്ക വട്ടത്തില്‍ ചെറുതായി അരിഞ്ഞെടുക്കണം. ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിക്കുക.
കടുക് പൊട്ടിച്ച ശേഷം വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇവയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കണം. ഇതിലേക്ക് ചെറിയ ഉളളി കൂടി അരിഞ്ഞു ചേര്‍ക്കുക. അതിലേക്ക് അരിഞ്ഞു വെച്ച വെണ്ടയ്ക്ക ചേര്‍ക്കുക. ഇതിലേക്ക് കാല് സ്പൂണ്‍ മഞ്ഞള്‍പ്പൊടി, കാല് സ്പൂണ്‍ ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് കൊടുക്കുക. ഇതെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കോഴിമുട്ടയും കൂടി ചേര്‍ത്തു നന്നായി യോജിപ്പിക്കണം.
ശേഷം ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേര്‍ത്ത് കൊടുക്കുക. ഒരു മീഡിയം തീയില്‍ വച്ചു വേണം ഇത് തയ്യാറാക്കാന്‍. വളരെ നന്നായി ഇളക്കിയെടുത്ത ശേഷം തീ ഓഫ് ചെയ്തു ഉപയോഗിക്കാം. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണിത്. കറി കൂട്ടി ചോറ് കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്താല്‍ ഇഷ്ടപ്പെടും. ആരോഗ്യത്തിനും നല്ലതാണ്. കുട്ടികള്‍ക്ക് സ്കൂളില്‍ കൊണ്ടു പോകാന്‍ കൊണ്ടു പോകാന്‍ പറ്റിയ ഒന്നു കൂടിയാണിത്.
Comments