തിരുവിതാം കൂറിന്റെ ഇതിഹാസ ചരിത്രത്തെ ആസ്പദമാക്കിയുള്ള തന്റെ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന് വിനയന്. ചരിത്രത്തോട് ഏറെ അടുത്തു നില്ക്കുന്ന ഈ ചിത്രത്തിന് പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്ര കഥാ പാത്രങ്ങളെ ആസ്പദമാക്കി ഒരുപാട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും ചരിത്രത്തോട് ഏറെ അടുത്തു നില്ക്കുന്ന കഥാപാത്രങ്ങള്‍ ഒരുമിച്ച് അണി നിരക്കുന്ന ഒരു സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇത് തന്റെ സ്വപ്ന ചിത്രമാണെന്നും കൊറോണയുടെ കാഠിന്യം കുറയുകയാണെങ്കില്‍ ഡിസംബര്‍ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും വിനയന് പറഞ്ഞു.
” വര്‍ഷങ്ങളായുള്ള ചര്‍ച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങള്‍ക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിന്റെ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളി ലെത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനര്‍ നിര്‍മ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരന്മാരേയും, ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിര്‍മ്മാണച്ചെലവു വരുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിന്റെ കാഠിന്യം കുറയുന്നെങ്കില്‍ ഈ ഡിസംബര്‍ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരന് കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്മാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്. ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹന്‍ ലാലും ഈ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ.നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളില്‍ കണ്ടാല്‍ മാത്രമേ അതിന്റെ പൂര്‍ണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോള്‍ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹചര്യം അടുത്ത വര്‍ഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാന്‍…നിങ്ങളേവരുടെയും അനുഗ്രഹാശിസുകള്‍ ഉണ്ടാകണം. ” എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയില്‍ തന്റെ സ്വപ്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത വിനയന് പങ്കുവച്ചത്. മലയാളികള്‍ക്ക് എന്നും ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച ഒരു സംവിധായകന് കൂടിയാണ് വിനയന്.
Comments