ദുബായ്: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ട മുംബൈയ്‌ക്ക് ഇന്ന് ജയം അനിവാര്യമാണ്. എന്നാല്‍ വിജയത്തോടെ തുടക്കം കുറിക്കാനാണ് ദിനേശ് കാര്‍ത്തിക്കിന് കീഴില്‍ കൊല്‍ക്കത്ത തയ്യാറെടുക്കുന്നത്. എല്ലാ കണ്ണുകളും കൊല്‍ക്കത്തയുടെ അപകടകാരിയായ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിലേക്കാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിലേതിനു സമാനമായ പ്രകടനം റസല്‍ പുറത്തെടുത്താല്‍ മുംബൈയ്‌ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.
മുംബൈ പോലെ ലോകോത്തര നിലവാരമുള്ള ടീമിനോട് ആദ്യ മത്സരം കളിക്കുക എന്നത് വളരെ നല്ലതാണെന്നാണ് കൊല്‍ക്കത്തയുടെ നായകനായ ദിനേഷ് കാര്‍ത്തിക് പ്രതികരിച്ചത്. എന്നാല്‍, ഇരു ടീമികളും പരസ്പരം ഏറ്റുമുട്ടിയ കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്‍ക്കത്ത ഏറെ പിന്നിലാണ്. 25 തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. എന്നാല്‍ 19 തവണയും ജയം മുംബൈക്കൊപ്പമായിരുന്നു.















