അബുദാബി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്. 48 റണ്‍സിനാണ് മുംബൈയുടെ ജയം. 192 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
പഞ്ചാബിനായി ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും(17) മായങ്ക് അഗര്‍വാളും(25) ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 38 റണ്‍സ് കുറിച്ചു. മൂന്നാമനായെത്തിയ കരുണ്‍ നായര്‍(0) നിരാശപ്പെടുത്തി. നിക്കോളാസ് പൂരാന്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. പൂരാന്‍ 27 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 44 റണ്‍സ് നേടി. പൂരാന്‍ തന്നെയാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍. പഞ്ചാബ് നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
മുംബൈക്കു വേണ്ടി രാഹുല്‍ ചഹറും ജെയിംസ് പാറ്റിന്‍സണും ജസ്പ്രീത് ബൂമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.















