ദുബായ്: ഐപിഎല്ലില്‍ ഇന്ന് ആവേശപ്പോരാട്ടം. യുവത്വവും കരുത്തും ഒത്തുചേര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച ഫോമിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുന്നത്. നാല് കളികളില്‍ മൂന്ന് വീതം വിജയവുമായി ഇരു ടീമുകളും കളത്തിലിറങ്ങുമ്പോള്‍ ആവേശം അണപൊട്ടുമെന്ന് ഉറപ്പാണ്. നിലവില്‍ റണ്‍ റേറ്റിന്റെ പിന്‍ബലത്തില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തും ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയാണ് ഡല്‍ഹി എത്തുന്നത്. മറുഭാഗത്ത് കഴിഞ്ഞ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആധികാരിക ജയമാണ് ബാംഗ്ലൂര്‍ നേടിയത്. അബുദാബി, ഷാര്‍ജ എന്നീ രണ്ടു വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ ദുബായിയില്‍ ബാറ്റിംഗ് അത്ര എളുപ്പമല്ലെന്നാണ് മുന്‍ മത്സരങ്ങള്‍ വ്യക്തമാക്കുന്നത്.















