ദുബായ്: ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. നിശ്ചിത 20 ഓവറില്‍ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. ഓള്‍ റൗണ്ടറായ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനം നിര്‍ണായകമായി.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും(32) പൃഥ്വി ഷായും(42) ഡല്‍ഹിയ്‌ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സ് നേടി. പിന്നാലെയെത്തിയ നായകന്‍ ശ്രേയസ് അയ്യരെ(11) പുറത്താക്കാന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എടുത്ത ക്യാച്ച് കൈയ്യടി നേടി. ഋഷഭ് പന്ത് 25 പന്തില്‍ 37 റണ്‍സെടുത്തപ്പോള്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഡല്‍ഹിയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സ്‌റ്റോയിനിസ് 24 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. 26 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്ന സ്റ്റോയിനിസാണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍.
ബാംഗ്ലൂരിന് വേണ്ടി മൊഹമ്മദ് സിറാജ് 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. ഇസ്രു ഉഡാന, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.















