ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് ജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും(4) ആരോണ്‍ ഫിഞ്ചും(13) കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോള്‍ നായകന്‍ വിരാട് കോഹ്‌ലിയ്‌ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 39 പന്തുകള്‍ നേരിട്ട കോഹ്‌ലി 43 റണ്‍സ് നേടി. എബി ഡിവില്യേഴ്‌സ് 9 റണ്‍സിന് പുറത്തായതോടെ ബാംഗ്ലൂരിന്റെ പോരാട്ടം ഏറെക്കുറെ അവസാനിച്ചിരുന്നു. മൊയീന്‍ അലി 11ഉം വാഷിംഗ്ടണ്‍ സുന്ദര്‍ 17ഉം റണ്‍സെടുത്തു.
ഡല്‍ഹിക്കു വേണ്ടി കാഗിസോ റബാഡ 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ച്ചെ എന്നിവർ രണ്ടും രവിചന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തി.















