ന്യൂഡൽഹി : വിമാനവ്യൂഹം ശക്തിപ്പെടുത്താൻ കൂടുതൽ പോർ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. ഈ വർഷം അവസാനത്തോടെ വിമാനങ്ങൾ വാങ്ങാൻ വിവിധ രാജ്യങ്ങളുമായി ധാരണയാകുമെന്നാണ് വിവരം. 116 പോർ വിമാനങ്ങളാകും വിമാനവ്യൂഹം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമസേന വാങ്ങുക.
റഷ്യയിൽ നിന്നുമാണ് വിമാനങ്ങൾ വാങ്ങുന്നത് എന്നാണ് സൂചന. റഷ്യയിൽ നിന്നും 21 മിഗ്-29 പോർവിമാനങ്ങൾ വാങ്ങാൻ ഇതിനോടകം തന്നെ വ്യോമസേന തീരുമാനിച്ചിട്ടുണ്ട്. വിമാനങ്ങൾ വാങ്ങുന്നതിന് ഈ വർഷം ഡിസംബറിൽ തന്നെ റഷ്യയുമായി വ്യോമസേന ധാരണയുണ്ടാക്കും.
മിഗ് 29 വിമാനങ്ങൾക്ക് പുറമേ 12 സുഖോയ് 30 എംകെഐ വിമാനങ്ങളും വ്യോമസേന വാങ്ങാൻ ആലോചിക്കുന്നുണ്ട്. നിലവിൽ 250 സുഖോയ് 30 എംകെഐ പോർ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായുള്ളത്. ഇത് കൂടാതെ 83 തേജസ് മാർക് 1 എ വിമാനങ്ങളും വാങ്ങാൻ ഈ വർഷം അവസാനത്തോടെ ധാരണയുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments