കുവൈറ്റ് സിറ്റി : സമാധാനവും സാഹോദര്യവും സമസ്തലോകത്തിൽ സാധ്യമാക്കുക എന്ന ആശയത്തോടുകൂടി ഇൻഡ്യൻ എഡ്യൂക്കേഷൻ സ്കൂൾ 75 മത് ഐക്യരാഷ്ട്ര സംഘടനാദിനം ആചരിച്ചു. രാവിലെ 8 മണിയോടെ ആരംഭിച്ച പരിപാടിയിൽ നാഷണൽ ലോ സ്കൂൾ ഗോൾഡ് മെഡലിസ്റ് രാഘവി വിശ്വനാഥ് മുഖ്യാഥിതി ആയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ സവിശേഷതകളും അവ ഓരോ രാജ്യത്തും കൈകാര്യം ചെയ്യുന്ന രീതികളും മഹത്തരമാണെന്ന് ഉദ്ഘാടന വേളയിൽ മുഖ്യാഥിതി പറഞ്ഞു. ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ അവിശ്വസനീയമാണെന്നും ലോകത്താകമാനം സമാധാനവും സാഹോദര്യവും നിലനിർത്തുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് നിർണായകമാണെന്നും സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ അഭിപ്രായപ്പെട്ടു.
തുടർന്ന് യൂ. എൻ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ക്ലാസ്സുകളിലെ കുട്ടികൾ നിർമിച്ച പോസ്റ്റർ പ്രദർശനവും പ്രസംഗമൽത്സരവും അരങ്ങേറി. ഇംഗ്ലീഷ് വിഭാഗവും സോഷ്യൽ സയൻസ് വിഭാഗവും സംയുക്തമായി ചേർന്ന്കൊണ്ട് വിപുലപ്പെടുത്തിയ ‘മൂട്ട് കോർട്ട്’ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു വാങ്ങി. ജൂലിയസ് സീസ്സറിന്റെ മരണവും അതിലെ ന്യായാ- അന്യായങ്ങളും സർഗാത്മകതയോടുകൂടി നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി ഒരുക്കിയ മൂട്ട് കോർട്ടിൽ അവതരിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികൾ ബ്രൂട്ടസ്, മാർക്ക് ആന്റണി, ക്ലിയോപാട്ര, ഒക്ടേവിയൻ മുതലായവരുടെ വേഷങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്തു.
തുടർന്ന് മുൻ ഐക്യരാഷ്ട്ര സഭ അണ്ടർ ജനറൽ സെക്രട്ടറിയും നിലവിലെ ഇൻഡ്യൻ പാർലിമെന്റ് അംഗവുമായ ഡോക്ടർ ശശി തരൂർ വിദ്യാർത്ഥികൾക്ക് നൽകിയ വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. പരിപാടിയിൽ ഉടനീളം അധ്യാപകരും വിദ്യാർത്ഥികളും നിരവധി രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽഈസ്റ് ചെയർമാൻ എൻ. കെ രാമചന്ദ്രൻ മേനോൻ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ അൻസെൽമ ടെസ്സി, മീനാക്ഷി നയ്യാർ, ലളിത പ്രേമകുമാർ മുതലായവർ സംസാരിച്ചു.
Comments