അബുദാബി: നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 99 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ ഇന്നിംഗ്‌സാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മന്ദീപ് സിംഗ് ആദ്യ പന്തില്‍ തന്നെ പുറത്തായി. മൂന്നാമനായെത്തിയ ക്രിസ് ഗെയ്‌ലും നായകന്‍ കെ.എല്‍ രാഹുലും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. നിലവില്‍ ഓറഞ്ച് ക്യാപിന്റെ ഉടമയായ രാഹുല്‍ 46 റണ്‍സ് എടുത്തു. 63 പന്തില്‍ 6 ബൗണ്ടറികളും 8 സിക്‌സറുകളും പറത്തിയ ഗെയ്ല്‍ സെഞ്ച്വറിക്ക് വെറും ഒരു റണ്‍ അകലെയാണ് പുറത്തായത്. സെഞ്ച്വറി നഷ്ടമായതിലെ നിരാശ പ്രകടമാക്കിയാണ് ഗെയ്ല്‍ മടങ്ങിയത്. ഇതിനിടെ ട്വന്റി20യില്‍ 1000 സിക്‌സറുകള്‍ എന്ന നേട്ടവും ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചു.
രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 4 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്‌ത്തി. ആര്‍ച്ചറാണ് ഗെയലിന്റെ വിക്കറ്റ് നേടിയത്. ബെന്‍ സ്‌റ്റോക്‌സും 2 വിക്കറ്റ് സ്വന്തമാക്കി.















