കൊച്ചി: കൊറോണക്കെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള മുന്‍നിര പോരാളികള്‍ക്കുള്ള ആദരവായി ഔദ്യോഗിക മൂന്നാം കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. ഈ വര്‍ഷമാദ്യം തുടങ്ങിയ #SaluteOurHeroes ക്യാമ്പയിന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൊറോണക്കെതിരായ പോരാട്ടം വിജയിക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ഔദ്യോഗിക മൂന്നാം കിറ്റ് സമര്‍പ്പിക്കാനുള്ള ക്ലബ്ബിന്റെ തീരുമാനം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തെരഞ്ഞെടുത്ത മത്സരങ്ങളില്‍ ക്ലബ്ബ് താരങ്ങള്‍ ഈ കിറ്റ് അണിയും. ക്ലബ്ബിന്റെ കടുത്ത ആരാധകരിലൊരാളാണ് ഈ പ്രത്യേക കിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഇരുപതുകാരിയായ ബി.എസ്.സി വിദ്യാര്‍ത്ഥിനി സുമന സായിനാഥാണ് അതുല്യവും ശ്രദ്ധാപൂര്‍വം രൂപപ്പെടുത്തിയതുമായ ഡിസൈന്‍ രൂപകല്‍പ്പന ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച മുന്നൂറിലധികം ഡിസൈന്‍ എന്‍ട്രികളില്‍ നിന്നാണ് സുമനയെ വിജയിയായി തെരഞ്ഞെടുത്തത്.
്മികച്ചതും ഏറ്റവും അഭിനിവേശം നിറഞ്ഞ ആരാധകവൃന്ദവുമുള്ള ക്ലബ്ബിനായി ജേഴ്സി ഡിസൈന്‍ സംഭാവന ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യമാണെന്ന് സുമന സായിനാഥ് പറഞ്ഞു. #SaluteOurHeroes എന്നത് ക്ലബിലെ എല്ലാവരുമായും ഹൃദയസ്പര്‍ശിയായി നില്‍ക്കുന്ന സംരംഭമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പ്രതികരിച്ചു.















