ഷാർജ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് 5 വിക്കറ്റ് ജയം. 121 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദ് 35 പന്തുകൾ ബാക്കി നിർത്തി 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്.
നായകൻ ഡേവിഡ് വാർണറുടെ(5) വിക്കറ്റ് ആദ്യമേ നഷ്ടമായെങ്കിലും വൃദ്ധിമാൻ സാഹ ഒരറ്റത് ഉറച്ചു നിന്നു. 32 പന്തുകൾ നേരിട്ട സാഹ 39 റൺസ് നേടിയ ശേഷമാണ് പുറത്തായത്. മനീഷ് പാണ്ഡേ 19 പന്തിൽ 26 റൺസ് എടുത്തു. കെയിൻ വില്യംസൺ(8) വീണ്ടും നിരാശപ്പെടുത്തി. 10 പന്തിൽ 26 റൺസ് നേടിയ ജേസൺ ഹോൾഡറിന്റെ പ്രകടനമാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്.
ബാംഗ്ലൂരിന് വേണ്ടി യുസ്വേന്ദ്ര ചഹൽ 3.1 ഓവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. വാഷിംങ്ങ്ടൺ സുന്ദർ, നാവ്ദീപ് സെയ്‌നി, ഇസ്രു ഉഡാന എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. നിലവിൽ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് നാലാം സ്ഥാനത്തും ബാംഗ്ലൂർ രണ്ടാം സ്ഥാനത്തുമാണ്.















