ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ മുന്നേറാനാകാതെ ബാഴ്‌സലോണ. പരിശീലകന്‍ മാറിയിട്ടും വിജയത്തുടര്‍ച്ച നേടാന്‍ കഴിയാത്തതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. റൊണാള്‍ഡ് കൂമാന്‍ വന്നിട്ടും പോയിന്റ് പട്ടികയില്‍ ബാഴ്‌സ 12-ാം സ്ഥാനത്താണ്.
ബാഴ്‌സലോണയുടെ ഏറ്റവും മോശമായ ലാ ലീഗ തുടക്കമെന്ന നാണംകെട്ട റെക്കോര്‍ഡാണ് റൊണാള്‍ഡ് കൂമാനെ തേടിയെത്തിയിരിക്കുന്നത്. ലീഗ് തുടങ്ങി ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും എട്ട് പോയിന്റ് മാത്രമാണ് ബാഴ്‌സയ്‌ക്കുള്ളത്.
അവസാന മത്സരത്തില്‍ അലാവസിനെതിരായ മത്സരത്തില്‍ ബാഴ്‌സലോണ സമനില വഴങ്ങിയിരുന്നു. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയും സമനിലയുമാണ് ബാഴ്‌സയ്‌ക്കുള്ളത്. 2002-03 സീസണിലാണ് ഇതിനു മുന്‍പ് ഇത്രയും മോശം തുടക്കം ബാഴ്‌സയ്‌ക്ക് ലഭിക്കുന്നത്. അന്നും പരിശീലകന്‍ മറ്റൊരു ഡച്ചുകാരനായിരുന്ന ലൂയി വാന്‍ ഗാലായിരുന്നു എന്നത് തികച്ചും യാദൃശ്ചികം.
പ്രധാന എതിരാളികളും നിലവിലെ ജേതാക്കളുമായ റയല്‍ മഡ്രിഡിനേക്കാള്‍ എട്ട് പോയിന്റ് പിന്നിലാണ് ബാഴ്‌സ. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ ബാഴ്‌സയേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്. റയല്‍ സോസിദാദാണിപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്. അത്‌ലറ്റിക്കോ മഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.















