കൊച്ചി: ലോകത്തെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയായ ബൈജൂസിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റില്‍ സ്പോണ്‍സറായി പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി 2020 നവംബര്‍ 20 മുതല്‍ ആരംഭിക്കുന്ന എല്ലാ ഐഎസ്എല്‍ മത്സരങ്ങളിലും താരങ്ങള്‍ ധരിക്കുന്ന ഔദ്യോഗിക കെബിഎഫ്സി ജേഴ്സിയുടെ മുന്‍വശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റില്‍ സ്പോണ്‍സറാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഐഎസ്എല്ലില്‍ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ കായികവിനോദമാണ് ഫുട്ബോള്‍, തീര്‍ച്ചയായും ഒരു കായികവിനോദത്തേക്കാള്‍ ഉപരി സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതോരു വികാരമാണ്. സ്റ്റേഡിയങ്ങളില്‍ നിന്നുള്ള മഞ്ഞപ്പടയുടെ ആരവം നഷ്ടമാവുമെങ്കിലും ഈ വര്‍ഷം കിരീടത്തിനായുള്ള കെബിഎഫ്സിയുടെ പോര്‍വിളി കാണാന്‍ എല്ലാ ആരാധകരും ആഗ്രഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ പ്രിയങ്കരനായ എജ്യൂക്കേറ്ററും ലോകത്തിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയുമായ ബൈജൂസിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു. കേരളത്തില്‍ വളരെ ആഴത്തിലും വൈകാരികമായും വേരൂന്നിയ ഒരു ബ്രാന്‍ഡായ ബൈജൂസുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ അനുഗ്രഹീതരാണ്. വിദ്യാഭ്യാസത്തിലൂടെയും കായികരംഗത്തിലൂടെയും ആളുകളെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും നിമ്മഗദ്ദ പ്രസാദ് കൂട്ടിച്ചേര്‍ത്തു.















