ന്യൂഡൽഹി: ആത്മനിർഭർ ഭാരതിലൂടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾക്ക് പ്രതിബന്ധങ്ങളില്ലാതാതെ ബിസിനസ് നടത്താനുള്ള സൗകര്യമൊരുക്കാൻ സർക്കാർ എന്നും പ്രതിബദ്ധരാണ്. ആത്മനിർഭർ ഭാരതത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിയാനും മോദി യുവാക്കളോട് ആവശ്യപ്പെട്ടു. ഐഐടി ഡൽഹിയുടെ അൻപത്തിയൊന്നാം വാർഷിക ബിരുദദാന ചടങ്ങിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ആഗോളീകരണവും സ്വാശ്രയത്വവും ഒരുപോലെ പ്രധാനമാണെന്ന് കൊറോണ ലോകത്തെ പഠിപ്പിച്ചു. കൊറോണാനന്തര ലോകം വളരെ വ്യത്യസ്തമാവും. സാങ്കേതിക വിദ്യക്ക് വലിയ പ്രാധാന്യവും ഉണ്ടാകും. യുവാക്കൾക്ക് തടസ്സങ്ങളൊന്നുമില്ലാതെ ബിസിനസ് നടത്താനുള്ള സൗകര്യമൊരുക്കാൻ സർക്കാർ എന്നും പ്രതിബദ്ധരാണ്. വ്യത്യസ്തമായ ആശങ്ങളിലൂടെ യുവാക്കൾക്ക് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയും’ പ്രധാനമന്ത്രി പറഞ്ഞു.
ബിരുദം കരസ്ഥമാക്കിയ രണ്ടായിരത്തോളം യുവാക്കളെ അഭിന്ദിച്ച് പ്രധാമന്ത്രി യുവജനങ്ങൾ, സാങ്കേതികവിദ്യാ വിദഗ്ധർ, സംരംഭകർ എന്നിവർക്ക് അവസരം നൽകുന്നതാണ് ആത്മനിർഭർ ഭാരത് എന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇരുപതോളം വൻകിട സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ഒന്ന് രണ്ട് വർഷത്തിൽ ഇവയുടെ എണ്ണം ഇനിയും വർദ്ധിക്കും.
ഗുണനിലവാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം വിദ്യാർഥികളോട് അഭ്യർഥിച്ചു. ‘ബ്രാൻഡ് ഇന്ത്യ’യുടെ ബ്രാൻഡ് അംബാസഡർമാരെന്നാണ് അദ്ദേഹം വിദ്യാർത്ഥികളെ വിശേഷിപ്പിച്ചത്.
Comments