ന്യൂഡല്‍ഹി: ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വിരാമമായെങ്കിലും പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തിയവരെ വെറുതെ വിടാന്‍ വീരേന്ദര്‍ സേവാഗ് തീരുമാനിച്ചിട്ടില്ല. പരാജയപ്പെട്ട അഞ്ച് പ്രമുഖ താരങ്ങളെ തെരഞ്ഞെടുത്ത് വിമർശിച്ചാണ് സേവാഗ് രംഗത്തെത്തിയത്.
1. ആരോണ്‍ ഫിഞ്ച്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായ ആരോൺ ഫിഞ്ചാണ് സേവാഗിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബാംഗ്ലൂരിന്‍റെ ശാപമാണ് ഫിഞ്ചിന്‍റെ ബാറ്റിംഗിനെ ബാധിച്ചതെന്നാണ് തോന്നുന്നതെന്ന് സേവാഗ് പരിഹസിച്ചു.
2. ആന്ദ്രെ റസല്‍
ഈ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏറെ പ്രതീക്ഷയർപ്പിച്ച താരമാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടറായ ആന്ദ്രെ റസൽ. എന്നാൽ താരം നിരാശപ്പെടുത്തിയെന്ന് മാത്രമല്ല, കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു. അലസതയായിരുന്നു ഇത്തവണ റസലിന്‍റെ മുഖമുദ്രയെന്ന് സേവാഗ് പറഞ്ഞു.
3. ഗ്ലെന്‍ മാക്സ്‌വെല്‍
പത്തുകോടിയുടെ ചിയര്‍ ലീഡര്‍ എന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സേവാഗ് വിശേഷേിപ്പിച്ചത്. ഉയര്‍ന്ന ശമ്പളത്തില്‍ അവധിയാഘോഷിക്കാനാണ് മാക്സ്‌വെല്‍ എത്തിയതെന്ന് തോന്നിപ്പോകുമെന്നും സേവാഗ് പറഞ്ഞു.
4. ഡെയ്ല്‍ സ്റ്റെയ്ന്‍
ഒരു കാലത്ത് ദക്ഷിണാഫ്രിക്കൻ ടീമിന്റെ കുന്തമുനയായിരുന്ന ഡെയ്ൽ സ്റ്റെയ്നാണ് സേവാഗിന്റെ പട്ടികയിൽ നാലാമത്. സ്റ്റെയ്ന്‍ ഗണ്ണില്‍ നിന്നുള്ള ബുള്ളറ്റുകളെ എല്ലാവരും പേടിച്ച ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ സ്റ്റെയിന്‍ വെറും പൈപ്പ് ഗണ്ണായി മാറിയെന്നുമാണ് സേവാഗിന്റെ വിമർശനം.
5. ഷെയ്ന്‍ വാട്സണ്‍
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഷെയ്ൻ വാട്സനാണ് ഈ വർഷം നിരാശപ്പെടുത്തിയ മറ്റൊരു താരമെന്നാണ് സേവാഗിന്റെ വിലയിരുത്തൽ. ഷെയ്ന്‍ വാട്സന്‍റെ ഡീസല്‍ എഞ്ചിനില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കിക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട് പോലും ഇത്തവണ എഞ്ചിൻ സ്റ്റാര്‍ട്ടായില്ലെന്ന് സേവാഗ് പറഞ്ഞു. സീസണ്‍ കഴിഞ്ഞപ്പോള്‍ ഈ വണ്ടി ഇനി ഓടില്ലെന്ന് പറഞ്ഞ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നും സേവാഗ് കൂട്ടിച്ചേർത്തു.















