ന്യൂഡല്‍ഹി: നാവിക സേനാ ദിനത്തില്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ പോകുന്ന റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍. എംഎച്ച്- 60 റോമിയോ ഹെലികോപ്റ്ററിന്റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നാവിക സേനാ ദിനത്തില്‍ എംഎച്ച് 60 ആറിന്റെ ഫസ്റ്റ് ലുക്ക് അഭിമാനത്തോടെ പങ്കുവെക്കുകയാണെന്ന് ലോക്ഹീല്‍ഡ് മാര്‍ട്ടിന്‍ ട്വിറ്ററില്‍ കുറിച്ചു. റോമിയോ ഫോര്‍ ഇന്ത്യ എന്ന ഹാഷ്ടാഗിലാണ് ലോക്ഹീല്‍ഡ് മാര്‍ട്ടിന്‍ ചിത്രം പങ്കുവെച്ചത്.
ലോകത്തിലെ ഏറ്റവും നൂതനമായ അന്തര്‍വാഹിനി വേധ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എംഎച്ച് -60 റോമിയോ. നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിര്‍മ്മിത സീ കിംഗിന് പകരമായി റോമിയോ ഹെലികോപ്റ്ററുകള്‍ വിന്യസിക്കും. ഇത്തരം 24 ഹെലികോപ്റ്ററുകള്‍ക്കാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.















