കോഴിക്കോട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് കല്ലുമ്മക്കായ. കല്ലുമ്മക്കായ പൊരിച്ചതും, കല്ലുമ്മക്കായ കറിവെച്ചതും, കല്ലുമ്മക്കായ നിറച്ചതും തുടങ്ങി കല്ലുമ്മക്കായ അച്ചാര്‍ വരെയുളള വിഭവങ്ങള്‍ നിരവധിയാണ്. പലപ്പോഴും കല്ലുമ്മക്കായ കിട്ടാനില്ല എന്നതാണ് പ്രധാന പ്രശ്നം. കിട്ടുന്നതിനാണെങ്കില്‍ ഇരട്ടി വിലയും കൊടുക്കണം. എന്നാല്‍ ഇപ്പോഴിതാ കല്ലുമ്മക്കായയുടെ വസന്തകാലം. കോഴിക്കാട് എലത്തൂരിലെ ചെട്ടിക്കുളത്ത് ഒരു രൂപ പോലും കൊടുക്കാതെ കല്ലുമ്മക്കായ സുലഭമായി ലഭിക്കുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ ലഭിക്കുന്ന സ്ഥലവും എലത്തൂര്‍ തന്നെയാണ്.
ഇവിടെ എത്തുന്ന ഓരോ ആളുകള്‍ക്കും അവര്‍ക്ക് ആവശ്യത്തിനുളള കല്ലുമ്മക്കായ ശേഖരിച്ച് കൊണ്ടു പോകാം. രാവിലെ ആകുമ്പോഴേയ്ക്കും കടലോരത്തെ പാറ കെട്ടുകളില്‍ നിറഞ്ഞിരിക്കുന്ന കല്ലുമ്മക്കായ ശേഖരിക്കാനായി സ്ത്രീകളും കുട്ടികളുമായി നിരവധി ആളുകള്‍ ഇവിടെ ഉണ്ടാകും.കൊറോണ കാലത്ത് വീടിനുള്ളില്‍ തന്നെ ഒതുങ്ങിയിരിക്കുന്ന കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ ഒരു അവസരം കൂടിയാണ് ഇത്. കൂട്ടംകൂട്ടമായി എല്ലാവരും ഒരുമിച്ചു ചേര്‍ന്നാണ് ഈ കല്ലുമ്മക്കായ ശേഖരിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ദിവസേന ഈ കല്ലുമ്മക്കായ പെറുക്കിയെടുക്കാന്‍ വേണ്ടി ഇവിടെ എത്തുന്നത്. വരുന്നവരെല്ലാം തന്നെ കത്രിക, കത്തി തുടങ്ങിയ സാധനങ്ങളുമായാണ് എത്തുന്നത്. കാരണം പാറയുടെ മുകളില്‍ പിടിച്ചു കിടുക്കുന്ന കല്ലുമ്മക്കായ ഓരോന്നായി ഇളക്കി എടുക്കുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. കൈ ഉപയോഗിച്ച് പറിച്ചെടുത്താല്‍ മുറിയാനുളള സാധ്യത കൂടുതലാണ്. വളരെയേറെ സമയം ചെലവഴിച്ചാണ് ഇവിടെ എത്തുന്ന ആളുകളും കല്ലുമ്മക്കായ ശേഖരിക്കുന്നത്. രണ്ടു മൂന്നു കിലോയോളം കല്ലുമ്മക്കായ വരെ ശേഖരിച്ചാണ് ഓരോ ആളുകളും തിരിച്ചു പോകുന്നത്.
Comments