ബംഗളൂരു: കർണ്ണാടകയുടെ ആഭ്യന്തര സെക്രട്ടറി എന്ന പേരിൽ രഹസ്യവിവരം ചോർത്താൻ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ ശ്രമിച്ചെന്ന് പരാതി. ടെണ്ടർ നടപടികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഫോണിലൂടെ ചോർത്താൻ ശ്രമിച്ചെന്നാണ് സംശയം. കർണ്ണാടക പോലീസ് മേധാവി പരാതി അന്വേഷിക്കാൻ ഉത്തരവിട്ടു. ബംഗളൂരു സേഫ് സിറ്റി പദ്ധതിയുടെ വിവരങ്ങളാണ് ചോർത്താൻ ശ്രമം നടന്നത്. ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്‌ക്കറിനും പോലീസ് വകുപ്പ് പരാതി നൽകിയിട്ടുണ്ട്.
പരാതി ഉന്നയിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥ പ്രൊജക്ടിൽ ഇടപെടുന്നതിൽ ബംഗളൂരു പോലീസ് മുന്നേ എതിർപ്പ് അറിയിച്ചിരുന്നതാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്പനികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലാണ് തർക്കമുണ്ടായിരുന്നത്. കേന്ദ്ര സർക്കാ റിന്റെ നിർഭയ ഫണ്ടിന്റെ ഭാഗമായിട്ടാണ് സുരക്ഷാ പദ്ധതി തീരുമാനിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി നഗരത്തിൽ മാത്രം 7500 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കാൻ തീരുമാനിച്ചത്. പോലീസ് കരാറിലേർപ്പെട്ടത് ഒരു സ്വകാര്യ കമ്പനിയുമൊത്തായിരുന്നു. തുടർന്നാണ് ഒരു പോലീസുദ്യോഗസ്ഥ പദ്ധതിയുടെ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Comments