കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പോഷകഘടകങ്ങള്‍ മുത്താറിയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ധാരാളം അടങ്ങിയ മുത്താറി കഴിക്കുന്നത് വിളര്‍ച്ചയ്ക്ക് ശമനം നല്‍കും. ധാരാളം കാത്സ്യം അടങ്ങിയതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. അതിനാല്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്ക്കും ഒരുപോലെ ഗുണപ്രദമാണ്.
മുത്താറി സാവധാനത്തില്‍ മാത്രമേ ദഹിക്കുകയുള്ളൂ. ശരീരത്തില്‍ അമിതമായി കലോറി എത്തുന്നത് തടയുന്നു. അമിതവണ്ണം കുറയ്ക്കാന്‍ ഏറെ നല്ലതാണ് മുത്താറി. ഇതില്‍ അടങ്ങിയിരിക്കുന്ന ലെസിതിന്, മെതിയൊണിന്‍ തുടങ്ങിയ വിവിധ തരം അമിനോ അമ്ലങ്ങള്‍ കൊളസ്ട്രോൾ കുറയാന്‍ സഹായകമാണ്. മുത്താറിയില്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകള്‍ ദഹനം സുഗമമാക്കും. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് സധൈര്യം കഴിക്കാവുന്ന ഭക്ഷണമാണ് മുത്താറി. ജീവകം ഡിയുടെ അപൂര്‍വ്വ ഭക്ഷ്യസ്രോതസുകളില്‍ ഒന്നാണ് മുത്താറി.
മുത്താറിയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോഅമ്ലം കടുത്ത തലവേദന, മാനസികസമ്മര്‍ദ്ദം, ഉറക്കക്കുറവ് ഏന്നിവ പരിഹരിക്കുന്നു. ധാരാളം നിരോക്സീകാരികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുത്താറി അര്‍ബ്ബുദത്തെ പ്രതിരോധിക്കും. കൂടാതെ ആരോഗ്യവും ഊര്‍ജ്ജസ്വലതയും യൗവനവും നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് മുത്താറി. ഇരുമ്പ്, കാത്സ്യം, ജീവകങ്ങള്‍, അമിനോ അമ്ലങ്ങള്‍ തുടങ്ങിയ വിവിധ പോഷകഘടകങ്ങള്‍ അടങ്ങിയതിനാലും വളര്‍ച്ചാഹോര്‍മോണുകളുടെ സാന്നിദ്ധ്യമുള്ളതിനാലും എളുപ്പം ദഹിക്കുന്നതിനാലും മുത്താറി അത്യുത്തമമായ ശിശുവാഹാരമാണ്. കല്‍ക്കണ്ടം പൊടിച്ചിട്ടതും, പാലും ചേര്‍ത്ത് മുത്താറി കൊണ്ടുളള കുറുക്ക് കൊച്ചു കുട്ടികള്‍ക്ക് ഏറെ നല്ലതാണ്.
Comments