കൊറോണ പ്രതിസന്ധിക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ജയസൂര്യ നായകനാകുന്ന ‘വെള്ളം’. ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഈ മാസം 22 ന് തിയേറ്ററില്‍ എത്തിക്കുമെന്നാണ് സൂചന. ഒരു മദ്യപാനിയുടെ ജീവിതം പറഞ്ഞു പോകുന്ന ചിത്രത്തില്‍ ജയസൂര്യയുടെ വ്യത്യസ്തത നിറഞ്ഞ ഒരു വേഷമായിരിക്കും പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. അതുകൊണ്ട് തന്നെ ഒരു മികച്ച ഫാമിലി എന്റര്ടെയ്നറായിരിക്കും ഈ ചിത്രം.സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന് വേണ്ടി മനു.പി.നായര്‍, ജോണ്‍ കുടിയാന്മല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബി.കെ ഹരികൃഷ്ണന്, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിരുടെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. റോബി രാജ് വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിജിത് ബാലയാണ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്കര്‍ പ്രിയങ്ക എന്നിവരാണ് മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം.
വ്യത്യസ്തമായ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ജയസൂര്യ. അതുകൊണ്ട് തന്നെ താരത്തിന്റെ വേറിട്ട ഈ കഥാപാത്രവും ആരാധക മനസ്സില്‍ ഇടം നേടും എന്ന കാര്യത്തില്‍ സംശയമില്ല. സംയുക്ത മേനോനും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെളളം. വിജയ് ചിത്രം മാസ്റ്ററാണ് കൊറോണ പ്രതിസന്ധിക്ക് ശേഷം തീയറ്ററുകളില്‍ എത്തിയത്.
Comments