പാലക്കാട്: പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധിപ്രതിമയിൽ ബിജെപി പതാക കെട്ടിയതിൽ ഗൂഢാലോചന നടത്തിയ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് യുവമോർച്ച വ്യാഴാഴ്ച ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 11 മണിയ്ക്കാണ് മാർച്ച്. രാഷ്ട്രീയ ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാവാത്തതെന്ത് കൊണ്ടെന്നാണ് യുവമോർച്ച ചോദിക്കുന്നത്. അറസ്റ്റിലായ ആളെ മാനസികാരോഗിയായി ചിത്രീകരിക്കുന്നതു ആർക്ക് വേണ്ടിയാണെന്നും യുവമോർച്ച ചോദിക്കുന്നു.
പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയയാളെ ഇന്ന് പോലീസ് പിടികൂടിയിരുന്നു. തിരുനെല്ലായി സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരുന്നു. ഈ മനോരോഗത്തിന്റെ പിതൃത്വം സ്ഥലം എം. എൽ. എയ്ക്കോ അതോ മുൻ. എം. പി യ്ക്കോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.
Comments