വാങ്കഡെ: സയിദ് മുഷ്താഖ് അലി ടി20യില്‍ കേരളത്തിന് രണ്ടാം ജയം. കരുത്തരായ മുംബൈയെ അവരുടെ തട്ടകത്തിലെത്തി കേരളം കീഴടക്കിയത് 8 വിക്കറ്റിനാണ്. 197 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 15.5 ഓവറില്‍ കേരളം മറികടന്നു. മുഹമ്മദ് അസറുദ്ദീന്റെ മിന്നും സെഞ്ച്വറിയാണ് കേരളത്തിന് അനായാസ ജയം സ്വന്തമാക്കാനായത്. ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കേരളത്തിന് എട്ട് പോയിന്റായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളത്തിന് വേണ്ടി അസറുദ്ദീൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതൽ മുംബൈ ബൗളർമാർക്കുമേൽ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു അസറുദ്ദീൻ . 37 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച താരം വെറും 54 പന്തുകളില്‍ നിന്നും 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റില്‍ അസറുദ്ദീനും ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 129 റണ്‍സാണ് അടിച്ച് കൂട്ടിയത്.















