റിയോഡി ജനീറോ: ബ്രസീലിൽ വിമാനാപകടം. നാല് ഫുട്‌ബോൾ താരങ്ങൾ ഉൾപ്പെടെ ആഞ്ച് പേർക്ക് ദാരുണാന്ത്യം. ബ്രസീൽ ഫുട്‌ബോൾ ക്ലബ് പൽമാസിന്റെ പ്രസിഡന്റും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രാദേശിക മത്സരത്തിന് പോയ താരങ്ങളാണ് അപകടത്തിൽപ്പെട്ടത്. ബ്രസീലിലെ പൽമാസിന് സമീപമുള്ള ടൊക്കൻഡിനൻസ് എയർഫീൽഡിലാണ് അപകടം.
കോപ വെർഡെ മത്സരത്തിൽ പങ്കെടുക്കാനായി യാത്ര തിരിച്ച പൽമാസ് താരങ്ങളാണ് മരിച്ചത്. ലൂക്കാസ് പ്രക്‌സിഡസ്, ഗ്വിൽഹെർമ നോയ, റനുല, മാർക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലൂക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്. ഇന്ന് വില നോവയ്‌ക്കെതിരായ പോരാട്ടത്തിനായിരുന്നു ഇവർ യാത്ര തിരിച്ചത്. അപകടത്തിൽ പൈലറ്റും മരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനം റൺവേയിൽ നിന്ന് പറന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. ടീമിലെ മറ്റ് താരങ്ങൾ നേരത്തെ മറ്റൊരു വിമാനത്തിൽ മത്സരസ്ഥലത്തേക്ക് യാത്ര തിരിച്ചിരുന്നു. അപകടത്തിൽ മരിച്ച നാല് താരങ്ങളെയും പ്രത്യേകം എത്തിക്കാനായിരുന്നു വിമാനം.
ഇവർ നാല് പേരും കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. നെഗറ്റീവായ ശേഷം തൊട്ടടുത്ത ദിവസം തന്നെ കാലാവധി പൂർത്തിയാക്കി യാത്ര തിരിക്കേണ്ടി വന്നതിനാലാണ് പ്രത്യേകം വിമാനം ഏർപ്പെടുത്തേണ്ടി വന്നത്.















