മുംബൈ: ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ നിയന്ത്രണങ്ങളിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി.
87 വർഷങ്ങൾക്കിടെ ആദ്യമായാണ് രഞ്ജി ട്രോഫി മത്സരം ഉപേക്ഷിക്കപ്പെടുന്നത്. അതേസമയം വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. വനിതകളുടെ ഏകദിന പരമ്പരയും നടത്തും.
കൊറോണ നിയന്ത്രണങ്ങൾ കാരണം രണ്ടു ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസിഐയ്‌ക്ക് മുന്നിലുണ്ടായിരുന്ന മാർഗം. എന്നാൽ ഇതിന് ചെലവ് വളരെ കൂടുതലാകും എന്നതിനാലാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ഇടവേളയ്‌ക്ക് ശേഷം ജനുവരിയിലാണ് ക്രിക്കറ്റ് ടൂർണ്ണമെന്റ് പുനരാരംഭിച്ചത്.















