ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് എന്ന നിലയിലാണ്.

17 റൺസുമായി വാഷിംഗ്ടൺ സുന്ദറും 4 റൺസുമായി രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാരിൽ ചേതേശ്വർ പൂജാരയ്‌ക്ക് ഒഴികെ മറ്റാർക്കും ഇംഗ്ലീഷ് ബൗളിംഗ് നിരയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. രോഹിത് ശർമ്മ 6 റൺസ് മാത്രമാണ് നേടിയത്. മികച്ച രീതിയിൽ ബാറ്റ് വീശിയ യുവതാരം ശുഭ്മാൻ ഗിൽ 29 റൺസ് നേടിയപ്പോൾ നായകൻ വിരാട് കോഹ്‌ലിയ്‌ക്ക് 11ഉം അജിങ്ക്യ രഹാനെയ്‌ക്ക് 1 റൺസും മാത്രമാണ് നേടാനായത്.

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോൾ ചേതേശ്വർ പൂജാര പിടിച്ചുനിന്നു. 143 പന്തുകൾ നേരിട്ട പൂജാര 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 73 റൺസ് നേടിയത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശിയ ഋഷഭ് 88 പന്തിൽ 91 റൺസ് നേടിയ ശേഷമാണ് പുറത്തായത്. 9 ബൗണ്ടറികളും 5 സിക്‌സറുകളുമാണ് പന്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 2 വിക്കറ്റും ഡോം ബെസ് 3 വിക്കറ്റും സ്വന്തമാക്കി.















