ചെന്നൈ : ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് മേൽക്കൈ. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ 134 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മത്സരത്തിൽ മേൽക്കൈ നേടിയത്. അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനാണ് കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. അക്സർ പട്ടേലും ഇഷാന്ത് ശർമ്മയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്‌ത്തി. നാല് ഇംഗ്ലണ്ട് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. 42 റൺസെടുത്ത ബെൻ ഫോക്സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശർമ്മയും ശുബ്മൻ ഗില്ലുമാണ് ക്രീസിൽ.
ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ഇന്ന് 29 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായത്. അതിനിടെയിൽ ബാക്കി വിക്കറ്റുകളും വീണു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ രോഹിത് ശർമ്മ സെഞ്ച്വറിയും അജിങ്ക്യ രഹാനെയും ഋഷഭ് പന്തും അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ പന്ത് നേടിയ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പന്ത് 58 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ്മ 161 റൺസും രഹാനെ 67 റൺസുമെടുത്താണ് പുറത്തായത്. നായകൻ വിരാട് കോഹ് ലി അടക്കം 6 ഇന്ത്യൻ താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതിൽ തന്നെ മൂന്ന് പേർ പൂജ്യത്തിനാണ് പുറത്തായത്.















