തിരുവനന്തപുരം: സിപിഎമ്മിനെതിരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. ഒരു രാഷ്ട്രീയ പാർട്ടി നിരന്തരമായി ഭീഷണിക്ക് ശ്രമിക്കുന്നുണ്ടെന്നും അത് വിലപ്പോകില്ലെന്നും കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിൽ എൽഡിഎഫിന്റെ പോസ്റ്റർ പങ്കുവെച്ചായിരുന്നു സുമിത് കുമാറിന്റെ പ്രതികരണം.
എൽഡിഎഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാർച്ചിന്റെ പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം വന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് വിജയരാഘവൻ ആരോപിച്ചിരുന്നു. ഇതിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ മാർച്ച് നടത്തുമെന്നുമായിരുന്നു വിജയരാഘവൻ കഴിഞ്ഞ ദിവസം അറിയിച്ചത്.
Comments