തൃശൂർ: പെരുമനം മഹാദേവ ക്ഷേത്രത്തിലെ വേദിയിൽ കഴിഞ്ഞ ദിവസം ഒരു കഥകളി അരങ്ങേറ്റം നടന്നു. കല്യാണ സൗഗന്ധികം കഥ വേദിയിൽ പകർന്നാടുമ്പോൾ അതിന് സാക്ഷിയായി കാണികൾക്കിടയിൽ കേരളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും ഉണ്ടായിരുന്നു. അമ്മ ഗിരിജാ മാധവന്റെ കഥകളി അരങ്ങേറ്റം കാണാനായാണ് മഞ്ജു വാര്യർ പെരുമനം മഹാദേവ ക്ഷേത്രത്തിലെത്തിയത്.
പഞ്ചാലിയായി അമ്മ അരങ്ങിൽ എത്തിയപ്പോൾ ആകാംക്ഷയോടെയും വിസ്മയത്തോടെയും മഞ്ജു കഥകളി ആസ്വദിച്ചു. അമ്മയുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങൾ മഞ്ജു നിറഞ്ഞ മനസോടെ ആസ്വദിച്ചു. 2 വർഷമായി കലാനിലയം ഗോപിയുടെ കീഴിൽ കഥകളി അഭ്യസിച്ച് വരികയാണ് ഗിരിജ. ഊരകം സ്വർഗശ്രീലകത്തിലാണ് ഗിരിജ കഥകളി പഠനം ആരംഭിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറുമാസത്തോളം ഓൺലൈനായും കഥകളി അഭ്യസിച്ചു.
സുഹൃത്തായ ശൈലജ കുമാറിനൊപ്പമാണ് ഗിരിജ കഥകളി പഠിക്കുന്നത്. ഒരുമിച്ച് തന്നെയായിരുന്നു ഇവരുടെ അരങ്ങേറ്റവും. ലവണാസുരകഥയിലെ സീതയായിട്ടായിരുന്നു ശൈലജ കുമാർ അരങ്ങിലെത്തിയത്.
ഗിരിജയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കഥകളി പഠിക്കുക എന്നത്. പാഞ്ചാലിയായി വേദിയിൽ അരങ്ങേറ്റം നടത്തിയതിലൂടെ ഏറെ നാളായുള്ള സ്വപ്‌നമാണ് ഗിരിജ സാക്ഷാത്ക്കരിച്ചത്. കഥകളിയിൽ പുരുഷ വേഷവുമായി അരങ്ങിലെത്തണമെന്നാണ് ഗിരിജയുടെ മോഹം. കഥകളി പഠനം ഇനിയും തുടരണമെന്നാണ് ആഗ്രഹമെന്നും ഗിരിജ പറയുന്നു. കഥകളിക്കൊപ്പം മോഹിനിയാട്ടവും ഗിരിജ പഠിക്കുന്നുണ്ട്. ഗിരിജയ്‌ക്ക് പൂർണ്ണ പിന്തുണ നൽകി കുടുംബവും ഒപ്പമുണ്ട്. അമ്മയുടെ നേട്ടങ്ങൾ ഏറെ അഭിമാനകരമാണെന്ന് മഞ്ജു വാര്യർ പ്രതികരിച്ചു.















