അഹമ്മദാബാദ്: മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്.
24 റൺസ് നേടുന്നതിനിടെ തന്നെ ഇന്ത്യയ്‌ക്ക് 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും കെ.എൽ രാഹുൽ റൺസ് നേടാനാകാതെയാണ് പുറത്തായത്. ഒരിടവേളയ്‌ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഹിറ്റ്മാൻ രോഹിത് ശർമ്മയ്‌ക്കും(15) നിലയുറപ്പിക്കാനായില്ല. അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഇഷൻ കിഷൻ 4 റൺസുമായി മടങ്ങി. പതിവിന് വിപരീതമായി നാലാമാനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി.
ഒരു വശത്ത് വിക്കറ്റുകൾ വീണപ്പോൾ മറുഭാഗത്ത് കോഹ്‌ലി ഉറച്ചുനിന്നു. 46 പന്തിൽ 8 ബൗണ്ടറികളുടെയും 4 സിക്‌സറുകളുടെയും അകമ്പടിയോടെ കോഹ്‌ലി 77 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ കോഹ്‌ലി പുറത്താകാതെ 73 റൺസ് നേടിയിരുന്നു. ഋഷഭ് പന്ത് 25 റൺസ് നേടി. ഹാർദ്ദിക് പാണ്ഡ്യ 17 റൺസ് സ്‌കോർ ചെയ്തപ്പോൾ ശ്രേയസ് അയ്യർക്ക് 9 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് 3 വിക്കറ്റും ക്രിസ് ജോർദാൻ 2 വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 3.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് എന്ന നിലയിലാണ്.















