ന്യൂഡൽഹി: ട്വന്റി20 ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹിലി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയതോടെയാണ് കോഹ്‌ലി ആദ്യ അഞ്ചിൽ സ്ഥാനം പിടിച്ചത്. അഞ്ചാം സ്ഥാനത്തെത്തിയതിന് പിന്നാലെ ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാത്ത റെക്കോഡാണ് കോഹ്‌ലി സ്വന്തം പേരിൽ കുറിച്ചത്.
ഒന്നാം ട്വന്റി20യിൽ പൂജ്യത്തിന് പുറത്തായ കോഹ്‌ലി അടുത്ത രണ്ട് മത്സരങ്ങളിലും ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം മത്സരത്തിൽ 73 റൺസ് നേടി പുറത്താകാതെ നിന്ന ഇന്ത്യൻ നായകൻ ടീമിനെ വിജയത്തിലെത്തിച്ചതിൽ നിർണായകമായ പങ്കാണ് വഹിച്ചത്. മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കോഹ്‌ലി പുറത്താകാതെ 77 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡി.ജെ മലാൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഓസീസ് താരം ആരോൺ ഫിഞ്ച് രണ്ടാം സ്ഥാനത്തും പാക് താരം ബാബർ അസം മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ കെ.എൽ രാഹുലാണ് കോഹ്‌ലിക്ക് മുന്നിൽ നാലാമത്.
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ സ്ഥാനം പിടിക്കുന്ന ഏക ബാറ്റ്‌സ്മാനായി കോഹ്‌ലി മാറി. ഏകദിന ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലി ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുണ്ട്. ടെസ്റ്റിൽ ഒരു സെഞ്ച്വറി കൂടി നേടിയാൽ ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടുന്ന നായകൻ എന്ന നേട്ടത്തിനും കോഹ്‌ലി അർഹനാകും. നിലവിൽ 41 സെഞ്ച്വറികൾ വീതം നേടിയ റിക്കി പോണ്ടിംഗും കോഹ്‌ലിയുമാണ് റെക്കോഡ് പങ്കിടുന്നത്.















