ബാഴ്‌സലോണ: ലാ ലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. റിയൽ സോസിഡാഡിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ബാഴ്‌സ തകർത്തു. സൂപ്പർ താരം ലയണൽ മെസി ഇരട്ടഗോൾ നേടി.
ലാ ലിഗയിൽ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. റിയൽ സോസിഡാഡിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്‌സ ഗോൾ വേട്ട തുടങ്ങിയിരുന്നു. 37-ാം മിനിട്ടിൽ അന്റോയിൻ ഗ്രീസ്മാനാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ ഏതാനും മിനിട്ടുകൾ മാത്രം ശേഷിക്കെ ഡെസ്റ്റ് ബാഴ്‌സയുടെ ലീഡ് ഉയർത്തി.
രണ്ടാം പകുതിയിലും മെസിയും സംഘവും ഗോളടി തുടർന്നു. 53-ാം മിനിട്ടിൽ ഡെസ്റ്റ് വീണ്ടും സോസിഡാഡിന്റെ വലകുലുക്കി. വെറും മൂന്ന് മിനിട്ടുകൾ മാത്രം പിന്നിട്ടപ്പോൾ ആരാധകർ കാത്തിരുന്ന മെസി മാജിക്കെത്തി. ബോക്‌സിനുള്ളിൽ സ്വീകരിച്ച ഹൈ ബോൾ മെസി വിദഗ്ധമായി വലയിലെത്തിച്ചു. 71-ാം മിനിട്ടിൽ ഉസ്മാൻ ഡെംബെലെയുടെ ഇടംകാലൻ ഷോട്ട് ബാഴ്‌സയുടെ ലീഡ് 5 ആക്കി ഉയർത്തി.
77-ാം മിനിട്ടിൽ ആൻഡെർ ബാരെൻക്‌സെയാണ് സോസിഡാഡിന്റെ ആശ്വാസ ഗോൾ നേടിയത്. 89-ാം മിനിട്ടിൽ മെസി തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ജയത്തോടെ ബാഴ്‌സലോണയ്‌ക്ക് 28 മത്സരങ്ങളിൽ നിന്നും 62 പോയിന്റായി. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താനും ബാഴ്‌സലോണയ്‌ക്ക് സാധിച്ചു. 28 മത്സരങ്ങളിൽ നിന്നും 66 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 60 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ബാഴ്‌സയ്‌ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്.















