അഹമ്മദാബാദ് : ഗുജറാത്തിൽ കൊറോണ സുരക്ഷാ മാനദണ്ഡം പാലിക്കാൻ ആവശ്യപ്പെട്ട പോലീസുകാരന് മത മൗലിക വാദികളുടെ മർദ്ദനം. ചൗക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ കപട്വഞ്ച് ആലി മസ്ജിദിലാണ് സംഭവം. സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന നടത്താൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.
ഉച്ചയോടെയായിരുന്നു പോലീസുകാരനെതിരെ ആക്രമണം ഉണ്ടായത്. സാമൂഹിക അകലമോ, സുരക്ഷാ മാനദണ്ഡങ്ങളോ കൃത്യമായി പാലിക്കാതെയാണ് ആളുകൾ പ്രാർത്ഥിക്കുന്നതെന്ന് കാണിച്ച് സമീപവാസികൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോലീസുകാരൻ മസ്ജിദിൽ എത്തിയത്.
കൂട്ടം ചേർന്ന് വിശ്വാസികൾ പ്രാർത്ഥന നടത്തുന്നത് കണ്ടതോടെ സാമൂഹിക അകലം പാലിക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുന്നതിനിടെ ഒരു സംഘം പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് കൂടുതൽ പോലീസുകാർ പ്രദേശത്ത് എത്തി. അപ്പോഴേക്കും മേഖല സംഘർഷ ഭരിതമായിരുന്നു. തടിച്ചു കൂടിയ ആക്രമികൾ മസ്ജിദിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീയിട്ടു.
Comments