ഹൈദരാബാദ് : സിനിമാക്കാർക്കും മാദ്ധ്യമപ്രവർത്തകർക്കും കൊറോണ വാക്സിൻ സൗജന്യമായി നൽകുമെന്നറിയിച്ച് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. കൊറോണയുടെ രണ്ടാം തരംഗം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് സഹായവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ചിരഞ്ജീവി നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി അപ്പോളോ 247 നുമായി ചേർന്നാണ് വാക്സിൻ നൽകുക. ട്വിറ്ററിലൂടെയാണ് ചിരഞ്ജീവി ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ 22 മുതൽ വാക്സിൻ നൽകിത്തുടങ്ങാനാണ് തീരുമാനം. വാക്സിൻ വിതരണം ഒരു മാസത്തോളം നീണ്ടു നിൽക്കും. 45 വയസിന് മുകളിലുള്ള തെലുങ്ക് മാദ്ധ്യമപ്രവർത്തകർക്കും, സിനിമാ പ്രവർത്തകർക്കുമാണ് കൊറോണ വാക്സിൻ നൽകുകയെന്നും താരം അറിയിച്ചു.
തെലുങ്ക് ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരുടെ സഹായത്തോടെ കഴിഞ്ഞ വർഷമാണ് ചിരഞ്ജീവി കൊറോണ ക്രൈസിസ് ചാരിറ്റി ആരംഭിച്ചത്. ഈ സംഘടനയിലൂടെ സിനിമാ മേഖലയിലുള്ള നിരവധി പേർക്കാണ് ലോക്ഡൗൺ സമയത്ത് ഉൾപ്പെടെ സഹായമെത്തിച്ചത്.
Comments