കണ്ണൂർ : ഇരിട്ടിയിൽ ബോംബ് പൊട്ടിത്തെറിച്ച് അഞ്ചുവയസ്സുകാരനും, ഒന്നര വയസ്സുകാരനും പരിക്ക്. സഹോദരങ്ങളായ മുഹമ്മദ് അമീൻ, മുഹമ്മദ് റദീസ് എന്നിവർക്കാണ് പരിക്കേറ്റത്. പടിക്കച്ചാലിൽ രാവിലെയോടെയായിരുന്നു സംഭവം.
ഐസ്ക്രീം ബോളുകൊണ്ടുണ്ടാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഐസ്ക്രീം ബോൾ ലഭിച്ച കുട്ടികൾ വീട്ടിലെത്തി തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അഞ്ച് വയസ്സുള്ള അമീനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നരവയസ്സുകാരൻ റദീസി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വലിയ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയാണ് പട്ടിക്കച്ചാൽ. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മേഖലയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ബോംബ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് ആഴ്ച മുൻപ് കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റിരുന്നു. ഇതിന് പിന്നാലെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കർശന നിരീക്ഷണമാണ് ജില്ലയിൽ തുടരുന്നത്.
Comments