ന്യൂഡല്‍ഹി: ഐ.പി.എല്ലിലെ ന്യൂസിലാന്റ് താരങ്ങള്‍ ഇന്ത്യ വിട്ടു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപോരാട്ടത്തിന്റെ തയ്യാറെടുപ്പിനായിട്ടാണ് താരങ്ങള്‍ മടങ്ങുന്നത്. സുരക്ഷാ ബബിള്‍ സംവിധാനത്തിലാണ് കിവീസ് താരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാലിദ്വീപിലേക്ക് പറന്നത്. ന്യൂസിലാന്റ് നായകന് കെയിന്‍ വില്യംസണ്, മിച്ചല്‍ സാന്റ്നര്‍, കെയില്‍ ജാമിസണ് എന്നിവരാണ് മടങ്ങിയത്. ഇവര്‍ക്കൊപ്പം ഫിസിയോ ടോമി സിമ്മികും പരിശീലകന് ക്രിസ് ഡൊണാള്‍ഡ്സണും പുറപ്പെട്ടു. എല്ലാവരും മറ്റ് ന്യൂസിലാന്റ് താരങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടില്‍ വെച്ചാണ് ഒരുമിച്ച് ചേരുക എന്നാണ് സൂചന.
ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ വച്ച് ജൂണ്‍ 18 മുതല്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് ന്യൂസിലാന്റിന്റെ എതിരാളി. ഒരാഴ്ച വൈകി മാത്രമേ ന്യൂസിലാന്റ് ടീം അംഗങ്ങള്‍ ഇംഗ്ലണ്ടിലെത്തൂ എന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിരുന്ന ട്രെന്‍ഡ് ബോള്‍ട്ട് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ ന്യൂസിലാന്റിലെത്തി. പക്ഷെ കൊല്‍ക്കത്തയുടെ താരം ടിം സീഫെര്‍ട്ട് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ചെന്നൈയില്‍ ക്വാറന്റൈനിലാണ്.
Comments