അമ്പലപ്പുഴ : അനാവശ്യമായി പുറത്തിറങ്ങിയ വൃദ്ധനോട് തിരികെ പോകാൻ കാല് പിടിച്ച് അപേക്ഷിച്ച എസ്ഐയെ അനുമോദിച്ച് പഞ്ചായത്ത് പ്രസിഡന്റ്. തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ എസ്ഐ കമലനെയാണ് പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഎസ് സുദർശൻ അനുമോദിച്ചത്. പൊന്നാട അണിയിച്ചാണ് അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചത്.
രണ്ട് ദിവസം മുൻപാണ് സംഭവം. പരിശോധനയ്ക്കിടെ തോട്ടപ്പള്ളി ഒറ്റപ്പന ഭാഗത്ത് വെച്ച് വഴിയരികിൽ നിന്ന വൃദ്ധനോട് വീട്ടിലേയക്ക് തിരികെ പോകാൻ കാല് പിടിച്ച് എസ്ഐ അപേക്ഷിക്കുകയായിരുന്നു. എഴുപത് വയസ് പ്രായമുള്ള വൃദ്ധനാണ് അനാവശ്യമായി പുറത്തിറങ്ങിയത്. യാത്ര ചെയ്യാനുണ്ടായ കാര്യം തിരക്കിയപ്പോൾ മറുപടി ഇല്ലായിരുന്നു. തുടർന്നാണ് ഇദ്ദേഹത്തോട് മടങ്ങിപ്പോകണമെന്ന് അഭ്യർത്ഥിച്ച് എസ്ഐ കാല് പിടിച്ചത്.
കൊറോണ പ്രതിരോധത്തിന് ശ്രദ്ധേയമായ പരിശ്രമം നടത്തിയ എസ്ഐ കമലൻ പോലീസ് സേനയ്ക്ക് തന്നെ അഭിമാനമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തീരദേശ പോലീസ് സ്റ്റേഷൻ സിഐ, പിബി വിനോദ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഎസ് മായാദേവി, അംഗങ്ങളായ ജിനുരാജ്, സെക്രട്ടറി സെലീന തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments