ലിസ്ബൺ : യൂറോ കപ്പ് അണ്ടർ-21 കിരീടം ജർമ്മനി നേടി. പോർച്ചുഗലിനെയാണ് ജർമ്മൻ യുവനിര തോൽപ്പിച്ചത്. ഏക ഗോളിനാണ് ജർമ്മനി മത്സരം കയ്യിലാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് കിരീടം നേടിക്കൊടുത്ത ഗോൾ പിറന്നത്. 49-ാം മിനിറ്റിൽ ലൂക്കാസ് എൻമെച്ചയാണ് വിജയഗോൾ വലയിലെത്തിച്ചത്.
മികച്ച പോരാട്ടമാണ് ഇരുടീമുകളും പുറത്തെടുത്തത്. ആക്രമണവും പ്രതിരോധവും ഒരു പോലെ കണ്ട മത്സരത്തിൽ ജർമ്മനി 14 തവണയും പോർച്ചുഗൽ 10 തവണയും ഷോട്ടുകളുതിർത്തു. ആറു തവണ ഗോൾ പോസ്റ്റിന് നേരെ ഷോട്ടുതിർത്ത ജർമ്മനിക്ക് ഒരെണ്ണം ലക്ഷ്യത്തിലെത്തിക്കാനായി. ജർമ്മൻ ഗോൾ പോസ്റ്റിനരികിലേക്ക് പോർച്ചുഗലിന് ഒരു ഷോട്ടുമാത്രമാണ് പായിക്കാനായത്. 2017ൽ സ്‌പെയിനിനെ തോൽപ്പിച്ച ജർമ്മൻ നിര 2009ൽ ഇംഗ്ലണ്ടിനേയും തോൽപ്പിച്ചിട്ടുണ്ട്.















