എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ഫലമാണ് മാമ്പഴം. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഇത് സുലഭമായി ലഭിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വിലകൂടിയ മാമ്പഴങ്ങളില്‍ ഒന്നായ നൂര്‍ജഹാന്‍ കണ്ടുവരുന്നത് മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലാണ്. ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള അലിരാജ്പൂര്‍ ജില്ലയിലെ കട്ടിവാഡ പ്രദേശത്താണ് നൂര്‍ജഹാന്‍ മാമ്പഴം കണ്ടുവരുന്നത്. ഈ മാമ്പഴം അഫ്ഗാന്‍ മാമ്പഴ ഇനത്തില്‍ പെടുന്നവയാണെന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നു.
മുന്‍വര്‍ഷങ്ങില്‍ ഉളളതിനെ അപേക്ഷിച്ച് ഇത്തവണ മാമ്പഴത്തിന് നല്ല വിളവും വലുപ്പവുമാണുള്ളത്.ഒപ്പം ഇതിന്റെ വിലയും വര്‍ദ്ധിച്ചിരിക്കുന്നു. ഈ സീസണില്‍ ഒരു ‘നൂര്‍ജഹാന്‍’ മാമ്പഴത്തിന് 500 മുതല്‍ 1,000 രൂപ വരെയാണ് വില. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇത്തരത്തില്‍ മാമ്പഴത്തിന് വിളവ് ലഭിക്കാന്‍ കാരണം.
ഇത്തവണ ഒരു നൂര്‍ജഹാന്‍ മാമ്പഴത്തിന്റെ ഭാരം 2 കിലോഗ്രാം മുതല്‍ 3.5 കിലോഗ്രാം വരെയാണ്. ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് ഈ മരങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നത്. നൂര്‍ജഹാന്‍ മാമ്പഴം പഴുക്കുന്നത് ജൂണ്‍ തുടക്കത്തിലാണ്. ആവശ്യക്കാര്‍ ഇതിനകം തന്നെ ഈ മാമ്പഴങ്ങള്‍ക്കായി ബുക്ക് ചെയ്തു കഴിഞ്ഞു എന്നാണ് കര്‍ഷകര്‍ പറയുന്നത്.















