തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് ബാംഗ്ലൂര്‍. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത മുറികളില്‍ താമസിക്കുന്നുണ്ടെങ്കിലും ആര്‍ക്കും ഒന്നിനും സമയമില്ല. ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുകയാണ് ഓരോരുത്തരും. എന്നാല്‍ ഇത്തരം കെട്ടിടങ്ങളില്‍ നിന്നും മാറി നാട്ടിൻ പ്രദേശത്തെ പോലെ പ്രകൃതിയോടിണങ്ങി നില്ക്കുന്ന ഒരു വീട് സ്വന്തമായി ഉണ്ടാക്കി എടുക്കണം എന്ന തീരുമാനത്തിന്റെ സഫലീകരണമാണ് ബാംഗ്ലൂര്‍ നഗരത്തിലെ മഞ്ജുനാഥിന്റെ വീട്.
ജീവിക്കാന്‍ പ്രകൃതിയോടിണങ്ങിയ ഒരു വീട് മാത്രം പോരാ വൈദ്യുതി, വെളളം, ആഹാരം തുടങ്ങി എല്ലാം വേണം. വീട്ടില്‍ വൈദ്യുതി ലഭിക്കാനായി മഞ്ജുനാഥ് സ്ഥാപിച്ച സോളാര്‍ സംവിധാനം ഇപ്പോള്‍ വരുമാനമാര്‍ഗം കൂടിയായി മാറിയിരിക്കുകയാണ്. 10 കിലോവാട്ട് സോളാര്‍ ഇന്‍സ്റ്റലേഷനാണ് സ്ഥാപിച്ചിരിക്കുന്നത്.
വീട്ടാവശ്യത്തിനുള്ള 250 യൂണിറ്റ് ഒഴിച്ചാല്‍ ബാക്കി പ്രതിമാസം 1000 യൂണിറ്റ് സോളാര്‍ പവര്‍ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. അധികം വരുന്ന വൈദ്യുതി യൂണിറ്റിന് 9 രൂപ എന്ന നിരക്കില്‍ വൈദ്യുതി ബോര്‍ഡിന് വില്‍ക്കുകയാണ് ചെയ്യുന്നത്. 25 വര്‍ഷമാണ് കോണ്‍ട്രാക്ട്. പ്രതിവര്‍ഷം ഏകദേശം എഴുപതിനായിരം രൂപ ഇവര്‍ വൈദ്യുതി വില്പനയിലൂടെ സമ്പാദിക്കുന്നുണ്ട്. വളരെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച വീടിന്റെ നിര്‍മ്മാണത്തില്‍ 70 ശതമാനവും കല്ലുകളും ഇഷ്ടികകളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
കോണ്‍ക്രീറ്റിന്റെയും മറ്റും ഉപയോഗം കുറച്ചതുവഴി നിര്‍മാണച്ചെലവ് 15 ശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചു. വേനല്‍ക്കാലത്ത് ചൂടിനെ ചെറുത്തുനില്ക്കാന് ക്രോസ് വെന്റിലേഷന് സംവിധാനവുമുണ്ട്. കൂടാതെ മഴവെള്ളം സംഭരിക്കുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. വഴുതന, ക്യാരറ്റ്, പച്ചമുളക് തുടങ്ങി വീട്ടുമുറ്റത്ത് ചെറിയതോതില്‍ കൃഷിയുമുണ്ട്. അടുക്കള മാലിന്യങ്ങളാണ് കമ്പോസ്റ്റാക്കി കൃഷിക്കായി ഉപയോഗിക്കുന്നത്.
Comments