ബുഡാപെസ്റ്റ്: യൂറോകപ്പിൽ ഇരട്ട ഗോളുകളോടെ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പറങ്കിപ്പട തകർത്തത്. യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയ കാഴ്ചയും ആരാധകരെ ആവേശത്തിലാക്കി.
മരണഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ തികച്ചും ആധികാരിക ജയമാണ് നിലവിലെ ചാമ്പ്യന്മാർ നേടിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ മുക്കാൽ സമയവും ഗോളടിക്കാൻ ലഭിച്ച അവസരങ്ങൾ ഇരുടീമുകളും പാഴാക്കി. കളിയുടെ 84-ാം മിനിറ്റിൽ പോർച്ചുഗലിന്റെ റാഫേൽ ഗ്വറേയിറോയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കി ക്രിസ്റ്റ്യാനോ ടീമിന് രണ്ടാം ഗോൾ നൽകി. ഇതോടെ യൂറോകപ്പിൽ തന്റെ 10-ാം ഗോൾ നേടിയ ക്രിസ്റ്റ്യാനോ മിഷേൽ പ്ലാറ്റിനിയുടെ 9 ഗോളെന്ന നേട്ടം മറികടന്നു. ഇഞ്ച്വറി ടൈമിൽ ബോക്സിനകത്തുനിന്നും തന്റെ രണ്ടാം ഗോളും അനായാസം നേടി ക്രിസ്റ്റ്യാനോ ടീമിന് 3-0ന്റെ ഗംഭീര ജയം നൽകി. രാജ്യത്തിനായി റൊണാൾഡോയുടെ ഗോൾ നേട്ടം ഇതോടെ 106 ആയി.
Comments