സാഹസികമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത് കാണുന്ന ആരേയും ഭയപ്പെടുത്തുന്ന വീഡിയോ ആണ്. പാമ്പുകളെ കുറിച്ച് കേള്‍ക്കുന്നതു തന്ന ചില ആളുകള്‍ക്ക് പേടിയാണ്. വിഷമുള്ളതായാലും ഇല്ലാത്തതായാലും പാമ്പുകളുടെ അടുത്ത് പോകാന്‍ പോലും ഭയക്കുന്നവരാണ് ഭൂരിഭാഗവും. അപ്പോള്‍ ആരെങ്കിലും ഒരു പാമ്പിനെ മൂക്കിലേക്ക് കയറ്റിയാല്‍ എന്താകും അവസ്ഥ.
വെറുതെ പാമ്പിനെ പിടിക്കുന്നത് മാത്രമല്ല, അതിനെ മൂക്കില്‍ കൂടെ കയറ്റുന്നതുമാണ് ഈ വീഡിയോ. ബോളിവുഡ് നടനും മോഡലുമായ വിദ്യുത് ജംവാള്‍ ആണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇത്തരമൊരു വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തത്. വീഡിയോയില്‍ ഒരു മധ്യവയസ്കന് ഒരു ചെറിയ പാമ്പിനെ മൂക്കില്‍ കൂടി അകത്തേക്ക് കയറ്റുകയാണ്. തുടര്‍ന്ന് ഇയാള്‍ പാമ്പിനെ വായില്‍ കൂടെ പുറത്തെടുക്കുകയും ചെയ്യുന്നു.
വിദ്യുത് ജംവാള്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഉറവിടം എവിടെയാണെന്ന് വ്യക്തമല്ല. പക്ഷേ, അതിലെ മധ്യവയസ്കന് കാണിക്കുന്ന അതിസാഹസം യാഥാര്‍ത്ഥ്യമാണ്. ”ഞാന്‍ എന്റെ ഇന്ത്യയെ സ്നേഹിക്കുന്നു” എന്ന കാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. മിണ്ടാപ്രാണികളായ മൃഗങ്ങളെ ദുരുപയോഗം ചെയ്യുകയും ദ്രോഹിക്കുകയും ചെയ്യുന്നു. സാഹസം കാണിക്കുന്ന ആളുടെ ജീവനെക്കുറിച്ച് ആശങ്കപ്പെടുന്നു. എന്നു തുടങ്ങി വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുമായെത്തിയത്
Comments