തിരുവനന്തപുരം : ബോളിവുഡ് താരം ദിലീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാലും, സുരേഷ് ഗോപിയും. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇരുവരും ദു:ഖം രേഖപ്പെടുത്തിയത്. ഇന്ത്യൻ സിനിമാ വേദിയിലെ സൂപ്പർതാരമായിരുന്ന ദിലീപ് കുമാർ രാവിലെയോടെയായിരുന്നു അന്തരിച്ചത്.
ഇന്ത്യൻ സിനിമയുടെ അതികായനായ ദിലീപ് കുമാർ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. ഇതിഹാസ താരത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ദിലീപ് കുമാറിനൊപ്പമുള്ള ഒർമ്മ പങ്കുവെച്ചാണ് സുരേഷ് ഗോപി ആദരാജ്ഞലികൾ അർപ്പിച്ചത്. 1989 ഡിസംബറിൽ അദ്ദേഹത്തിന്റെ ബംഗ്ലാവിന് മുന്നിലെ കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്നിയും വന്നിറങ്ങി. രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹിന്ദി സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭയാണ് അദ്ദേഹം. മഹാനായ കുടുംബസ്ഥനും മഹാനായ നടനുമായ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നതായും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
Comments