ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തി. ഡൽഹിയിൽ എത്തിയാണ് യെദ്യൂരപ്പ പ്രധാനമന്ത്രിയെ കണ്ടത്.
കർണാടകയിൽ കൂടുതൽ വികസന പദ്ധതികൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി യെദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന അപ്പർ ഭദ്ര പ്രൊജക്ട് ദേശീയ പദ്ധതിയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബംഗളൂരു പെരിഫെറൽ റിംഗ് റോഡ്, മെക്കേഡാട്ടു എന്നീ പദ്ധതികൾക്കും, യുഎസ് കോൺസുലേറ്റ് സ്ഥാപിക്കുന്നതിനുമായി 6000 കോടി രൂപയുടെ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും യെദ്യൂരപ്പ വ്യക്തമാക്കി.
അടുത്തിടെയായി യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന് ബിജെപി എംഎൽഎമാർ രംഗത്തുവന്നതായി ചില മാദ്ധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തിയിരുന്നു. നേതൃമാറ്റത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് യെദ്യൂരപ്പ ഡൽഹിയിൽ എത്തിയത്.
Comments