കൊളംബോ: ശ്രീലങ്കൻ പരമ്പരയിലെ ടി20യിലും ആദ്യ ജയം ആധികാരികമായി നേടി ടീം ഇന്ത്യ. സൂര്യകുമാറിന്റെ അർദ്ധസെഞ്ച്വറിയും ഭുവനേശ്വർ കുമാറിന്റെ കൃത്യതയാർന്ന ബൗളിംഗ് മികവുമാണ് 38 റൺസിന്റെ ജയം നൽകിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 12 റൺസിൽ പുറത്താക്കി. 22 റൺസ് വഴങ്ങി നാല് സിംഹള വിക്കറ്റുകൾ വീഴ്‌ത്തിയാണ് ഭുവനേശ്വർകുമാർ കളിയിലെ താരമായത്.
ബാറ്റിംഗിൽ 50 റൺസ് നേടിയ സൂര്യകുമാർ യാദവും 46 റൺസ് നേടിയ ക്യാപ്റ്റൻ ശിഖർ ധവാനുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ആദ്യ പന്തിൽ പൃഥ്വി ഷാ പുറത്തായിട്ടും 20 പന്തിൽ 27 റൺസ് നേടിയ സഞ്ജുസാംസൺ ധവാന് മികച്ച പിന്തുണ നൽകി. തുടർന്നാണ് സൂര്യകുമാർ ബാറ്റിംഗിൽ നെടും തൂണായത്. ഇതിനിടെ ഹാർദ്ദിക് പാണ്ഡ്യ 12 റൺസിൽ പുറത്തായി. 14 പന്തിൽ 20 റൺസ് നേടി ഇഷൻ കിഷനും സ്‌കോർ ഉയർത്തുന്നതിൽ പങ്കുവഹിച്ചു. ശ്രീലങ്കയ്‌ക്കായി 26 പന്തിൽ 44 റൺസ് നേടിയ അസലങ്കയും 26 റൺസ് നേടിയ അവിഷ്‌ക ഫെർണാണ്ടോയുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
Comments